കത്തോലിക്കാ സഭയുടെ സംഭാവനകൾക്ക് നന്ദി: സാംബിയൻ രാഷ്ട്രപതി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഭീമമായ കടക്കെണിയിൽ ഏറെ ബുദ്ധിമുട്ടിയിരുന്ന സാംബിയൻ രാഷ്ട്രത്തിനു കത്തോലിക്കാ സഭ നൽകിയ സഹായങ്ങൾക്ക്, രാഷ്ട്രപതി ഹകൈൻഡെ ഹിചിലേമ നന്ദി പറഞ്ഞു. രാജ്യത്തിൻ്റെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാ സഭയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നു, ലുസാക്കയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ജാൻലൂക്ക പെരിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ എടുത്തു പറഞ്ഞു. ഡിസംബർ മാസം മുപ്പത്തിയൊന്നാം തീയതിയാണ്, ന്യൂൺഷ്യോയുടെ വസതിയിലെത്തി പ്രസിഡന്റ് നന്ദി പറഞ്ഞത്.
കടം കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സാംബിയയുടെ ലക്ഷ്യങ്ങൾക്ക് കത്തോലിക്കാ സഭ വളരെയധികം പിന്തുണ നൽകിയിരുന്നു. ജി20 കടാശ്വാസ ചട്ടക്കൂടിൽ സാംബിയയുടെ സ്ഥാനത്തെ പിന്തുണയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിൻ്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കടാശ്വാസത്തിൻ്റെ ഫലമായുണ്ടാകുന്ന തുകകൾ തന്ത്രപരമായ നിക്ഷേപങ്ങളിലും അന്താരാഷ്ട്ര വ്യാപാര പങ്കാളിത്തത്തിലും നിക്ഷേപിക്കാൻ തൻ്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡൻ്റ് ഹിചിലേമ അടിവരയിട്ടു പറഞ്ഞു.
സാംബിയയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കാര്യമായ സംഭാവന നൽകിയിട്ടുള്ള കത്തോലിക്കാ സഭയുമായി അടുത്ത് പ്രവർത്തിക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും പ്രസിഡന്റ് എടുത്തുപറഞ്ഞു.
അതുപോലെ, കടം പുനഃക്രമീകരിക്കൽ പ്രക്രിയയിൽ സാംബിയയുടെ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അപ്പസ്തോലിക് ന്യൂൺഷ്യോ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക സന്ദേശം അറിയിച്ചു. 58-ാമത് ലോക സമാധാന ദിനത്തോടനുബന്ധിച്ചുള്ള സന്ദേശം, സഭയും സാംബിയ സർക്കാരും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: