ആശയവിനിമയം കരുണയും സ്നേഹവും നിറഞ്ഞതാകണം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ക്രിസ്തീയ ജീവിതത്തിൻ്റെയും വിശ്വാസത്തിൻ്റെയും ധാർമ്മികതയുടെയും വികസനം ലക്ഷ്യമാക്കി വിശ്വാസികളെ കൂടുതൽ അറിവുള്ളവരാക്കിമാറ്റുവാൻ, ആധുനികയുഗത്തിൽ ആശയവിനിമയ മേഖല ഏറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ യേശു നൽകുന്ന അടിസ്ഥാനആശയം ഇടയനടുത്ത സേവനത്തിന്റെയും, കരുണയുടെ ജീവിതശൈലിയുടേതുമാണ്. ദൈവത്തിനായുള്ള മനുഷ്യരുടെ ശാശ്വതമായ അന്വേഷണത്തിന് ഈ മാധ്യമസേവനങ്ങൾ ഏറെ സഹായകരമാകുന്നുവെന്നതിനു നിരവധി തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്. ക്രിസ്തീയ ദർശനമനുസരിച്ച്, മാനുഷിക തലത്തിലുള്ള ആശയവിനിമയം അയയ്ക്കുന്നയാളിൽ നിന്ന് ഒരു സ്വീകർത്താവിലേക്കുള്ള വിവരങ്ങളുടെ രേഖീയ ഗതാഗതമല്ല, മറിച്ച് ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഭാഷണ രൂപമാണ്.
ഈ സംഭാഷണത്തിന്റെ അവശ്യഘടകമാണ്, വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളും, ആശയങ്ങളുടെ മൂല്യങ്ങളും. എന്നാൽ ഇതിനർത്ഥം, എല്ലാവരും സമന്മാരായിരിക്കണമെന്നോ, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ലെന്നോ അല്ല, മറിച്ച് ആശയവിനിമയത്തിന്റെ അടിസ്ഥാനം സ്നേഹവും, കരുണയും ആയിരിക്കണം എന്നതാണ്. സഭയിൽ നിലനിൽക്കുന്ന കൂട്ടായ്മയുടെ പ്രതിഫലനമാണ്, ആശയവിനിമയ പ്രക്രിയയിൽ അനുഭവവേദ്യമാകേണ്ടത്. വിപണനതാത്പര്യങ്ങൾ സഭയുടെ ആശയവിനിമയ സേവനത്തിൽ കടന്നുകൂടുന്നുണ്ടെകിൽ, ഈ കൂട്ടായ്മയുടെ പ്രതിഫലനം സാധ്യമാവുകയില്ല എന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിൽ പലപ്പോഴും അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.
ഇപ്രകാരം ആശയകൈമാറ്റങ്ങളിൽ കരുണയുടെ പുണ്യം ചാലിച്ചുകൊണ്ട്, കണ്ടുമുട്ടലിന്റെ ഒരു മാധ്യമസംസ്കാരം ഉരുവാക്കുന്നതിനുള്ള ക്ഷണമാണ് അൻപതാമത് ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം. 2016 വർഷത്തിൽ ആഘോഷിച്ച ഈ സമൂഹ മാധ്യമദിനത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്, കാരണം, ആ വർഷം ഫ്രാൻസിസ് പാപ്പാ കരുണയുടെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരുന്നു. നമ്മിൽ നിന്നും പുറത്തു കടന്നുകൊണ്ട്, മറ്റുള്ളവരെ സഹോദരങ്ങളായി ചേർത്തുനിർത്തുന്നതിനു കരുണയുടെ പുണ്യം ജീവിതത്തിൽ പുലർത്തുന്നതിനു പാപ്പാ ആഹ്വാനം ചെയ്യുന്നു. തന്റെ സന്ദേശത്തിന്റെ ശീർഷകമായി പാപ്പാ നൽകിയിരിക്കുന്നത് : "ആശയവിനിമയവും കാരുണ്യവും: ഫലവത്തായ കൂട്ടായ്മ" എന്നുള്ളതാണ്.
കരുണ സഭയുടെ അന്തസത്തയാണ്
മുറിവുകളേറ്റ ബന്ധങ്ങളെ സുഖപ്പെടുത്തുന്നതിനും, കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമിടയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനും കരുണയുടെ ശക്തി കണ്ടെത്തുന്നതിനും, പ്രാവർത്തികമാകുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. കരുണയെ വെറുമൊരു ആശയമായി മാത്രം കണക്കാക്കുന്ന ഒരു ലോകത്തിൽ, വിപ്ലവകരമായി പാപ്പാ പറയുന്നത്, സഭയുടെ ജീവിതത്തിന്റെ ആത്മാവും, അന്തഃസത്തയും കരുണയെന്നാണ്. ഇതിനു അടിസ്ഥാനം, കരുണാമയനായ ദൈവത്തിൻ്റെ ജീവനുള്ള അവതാരമായ ക്രിസ്തുവിന്റെ തുടർച്ചയാണ് പരിശുദ്ധ സഭയെന്നതുമാണ്. അതിനാൽ ആശയവിനിമയത്തിൽ, നമ്മുടെ ഹൃദയവും, പ്രവൃത്തികളുമെല്ലാം ദൈവീകസ്നേഹത്താലും, കാരുണ്യത്താലും സജീവമാകണമെന്നും, അപ്രകാരം ദൈവത്തിന്റെ ശക്തി മറ്റുള്ളവർ സ്വീകരിക്കണമെന്നും പാപ്പാ എടുത്തു പറയുന്നു. ഈ കൂട്ടായ്മയിൽ ആരും ഒഴിവാക്കപ്പെടുവാൻ പാടില്ല, കാരണം സഭയുടെ ഭാഷയുടെയും പ്രവർത്തനങ്ങളുടെയും സവിശേഷത, അത് എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണെന്നും, യേശുവിനെ അറിയാനും സ്നേഹിക്കപ്പെടാനും വേണ്ടി എല്ലാവര്ക്കും വേണ്ടി സ്നേഹത്തിന്റെ വക്താക്കളാകുക എന്നതാണ് ആശയവിനിമയത്തിന്റെ പ്രഥമകർത്തവ്യമെന്നും പാപ്പാ അടിവരയിട്ടു പറയുന്നു.
പാലങ്ങൾ നിർമ്മിക്കുക
"മതിലുകൾ തകർക്കുക, പാലങ്ങൾ നിർമ്മിക്കുക", ഈ ഒരു ആശയം ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിലുടനീളം എടുത്തുപറയാറുള്ളതാണ്. തെറ്റിദ്ധാരണകൾ മറികടക്കാനും മുറിവേറ്റ ഓർമ്മകളെ സുഖപ്പെടുത്താനും സമാധാനവും ഐക്യവും കെട്ടിപ്പടുക്കാനും ഹൃദയങ്ങൾ തമ്മിലുള്ള പാലങ്ങൾ പണിയുന്നതിന് പാപ്പാ ആഹ്വാനം ചെയ്യുന്നു. ഈ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ രണ്ടു കാര്യങ്ങൾ അടിവരയിടുന്നുണ്ട്: പ്രതിജ്ഞാബദ്ധതയും, ശ്രദ്ധയും. വിദ്വേഷത്തിൻ്റെ സന്ദേശങ്ങൾ പ്രകടിപ്പിക്കുന്നതിലേക്ക് നയിക്കുന്ന അപലപത്തിൻ്റെയും പ്രതികാരത്തിൻ്റെയും ദുഷിച്ച ചക്രങ്ങളിൽ നിന്നും നമ്മെ തന്നെ അകറ്റിനിർത്തുന്നതിനായി ഈ രണ്ടു കാര്യങ്ങൾ ജീവിതത്തിൽ പാലിക്കുന്നതിന് പാപ്പാ ഓർമ്മിപ്പിക്കുന്നു. തിന്മയെ ശക്തമായി അപലപിക്കേണ്ടിവരുമ്പോൾ പോലും, ബന്ധവും, കൂട്ടായ്മയും തകർക്കാതിരിക്കുവാനുള്ള ക്ഷണവും പാപ്പാ നൽകുന്നു.
കാരുണ്യം സൗഖ്യപ്പെടുത്തുന്നു
ഇന്ന് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലുള്ള മുറിവുകൾ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകമായും ഈ മുറിവുകൾ യഥാസമയം സുഖപ്പെടുത്തലിനു വിധേയമാക്കാത്തതിനാൽ കുടുംബങ്ങളിൽ പോലും ഏറെ വേദനകൾ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൃത്യമായ ഒരു ചികിത്സയ്ക്ക് നമ്മുടെ ഹൃദയങ്ങളെ വിധേയമാകുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമിടയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനുള്ള കാരുണ്യത്തിൻ്റെ ശക്തി കണ്ടെത്തണമെന്ന് പാപ്പാ ആവശ്യപ്പെടുന്നു. കുടുംബങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹങ്ങളിലേക്കും ഈ കാരുണ്യത്തിന്റെ സൗഖ്യശുശ്രൂഷ വിപുലപ്പെടുത്തണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നു. വ്യത്യസ്തമായി ചിന്തിക്കുന്നവരോടും പെരുമാറുന്നവരോടും, തെറ്റുകൾ വരുത്തിയവരോടും കരുണയോടുകൂടി പെരുമാറിക്കൊണ്ട് അവരെ തിരുത്തുകയാണെങ്കിൽ, മാനസാന്തരത്തിനുള്ള സാധ്യതകളും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ പാപ്പാഇന്നത്തെ സമൂഹങ്ങൾക്ക് നൽകുന്ന ഒരു ആഹ്വാനമുണ്ട്: ക്രിയാത്മകമായ ധീരത. കരുണയാൽ ഒരാളെ സൗഖ്യപ്പെടുത്തണമെങ്കിൽ, ഈ ക്രിയാത്മകമായ ധൈര്യം ഏറെ ആവശ്യമാണ്. സംഘർഷങ്ങളാലും, യുദ്ധങ്ങളാലും ഏറെ കലുഷിതമായ ഈ ലോകത്തിൽ, സമാധാനം കൈവരിക്കുവാൻ ജാഗ്രതയോടുകൂടിയ പ്രവർത്തനങ്ങളും, ഒപ്പം കരുണയുടെ സൗഖ്യം നൽകുന്ന ധീരതയും ആവശ്യമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറയുന്നു.
കാരുണ്യം ഹൃദയത്തിന്റെ ആശയവിനിമയ മാർഗം
യുക്തിയുടെ ആശയങ്ങൾ നമ്മുടെ ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുമെങ്കിലും, അതിനുമപ്പുറം സ്വീകാര്യതയുടെയും, കൂട്ടായ്മയുടെയും ഒരു സമൂഹനിർമ്മിതിക്ക് ഫ്രാൻസിസ് പാപ്പാ ഹൃദയത്തിന്റെ ഭാഷയായ കരുണയുടെ ഉപയോഗം എടുത്തുപറയുന്നു. പാപികളെ നീതിമാന്മാരിൽ നിന്ന് വ്യക്തമായി വേർതിരിക്കുന്ന യുക്തിയെ മറികടക്കുന്ന തരത്തിലായിരിക്കണം നമ്മുടെ ആശയവിനിമയ ശൈലിയെന്നു പാപ്പാ പ്രത്യേകം പറയുന്നു. 2016 ൽ ഫ്രാൻസിസ് പാപ്പാ നൽകിയ ഈ സന്ദേശം, 2025 ജൂബിലി വർഷത്തിൽ ഏറെ അർത്ഥവത്താണ്. ദൈവത്തിന്റെ കരുണയാണ്, സത്യം പ്രഖ്യാപിക്കുന്നതിനും അനീതിയെ അപലപിക്കുന്നതിനുമുള്ള നമ്മുടെ രീതിയുടെ അളവുകോലെന്നും, സ്നേഹം കൊണ്ട് സത്യം സ്ഥിരീകരിക്കണമെന്നുമുള്ള പാപ്പായുടെ വാക്കുകൾ, പ്രത്യാശയുടെ തീർത്ഥാടകരാകുവാനും, ഈ പ്രത്യാശ മറ്റുള്ളവർക്ക് പ്രദാനം ചെയ്യുന്നതിനുമുള്ള ജൂബിലി വർഷത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
കാരുണ്യത്തിന്റെ ആശയവിനിമയം കുടുംബങ്ങളിൽ
കാരുണ്യത്തിൽ വേരൂന്നിയ സമൂഹത്തിൻ്റെ ഒരു ദർശനം ആരംഭിക്കേണ്ടത്, കുടുംബങ്ങളിൽ സുദൃഢമാകേണ്ട ബന്ധങ്ങളിൽ നിന്നുമാകണമെന്ന് പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ കഴിവുകൾക്കും വിജയങ്ങൾക്കുമപ്പുറം, നമ്മുടെ ജീവിതയാഥാർഥ്യത്തെക്കുറിച്ചു ബോധവാന്മാരാകണമെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും, ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്നതുമെല്ലാം സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, ഫ്രാൻസിസ് പാപ്പാ ആശയവിനിമയത്തിന്റെ ആദ്യപടിയായി എടുത്തു കാണിക്കുന്നത്, മറ്റുള്ളവരെശ്രവിക്കുവാൻ നമ്മുടെ സമയം നൽകുക എന്നതാണ്. ഇത് ഒരു പങ്കുവയ്ക്കലിന്റെ നിമിഷമാണെന്നും പാപ്പാ എടുത്തു പറയുന്നു. ഈ ശ്രവണത്തിലുള്ള ബുദ്ധിമുട്ടുകളും പാപ്പാ മറച്ചുവയ്ക്കുന്നില്ല, സംസാരിക്കുവാൻ കൂടുതൽ ഇഷ്ടപ്പെടുന്നതും, ശ്രവിക്കുവാൻ താത്പര്യമില്ലാത്തതുമായ ജീവിതത്തിൽ ഒഴുക്കിനെതിരെ നീന്തുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. മറ്റുള്ളവരുടെ വാക്കുകൾ മനസ്സിലാക്കാനും മൂല്യം നൽകാനും ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ആഗ്രഹമാണ് ശ്രവിക്കലിന്റെ ആശയവിനിമയ അന്തസത്ത.
ആധികാരികമായ ആശയവിനിമയം
കുടുംബങ്ങളിൽ നാം പരിശീലിക്കേണ്ടതും, സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ടതുമായ മറ്റൊന്നാണ് ആധികാരികമായ ആശയവിനിമയം. നിരവധി ഉപകരണങ്ങളും, മാധ്യമങ്ങളുമെല്ലാം ഈ ശൃഖലയിൽ ഉണ്ടെങ്കിലും, ആശയവിനിമയം ആധികാരികമാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നത് സാങ്കേതികവിദ്യയല്ല, മറിച്ച് മനുഷ്യൻ്റെ ഹൃദയവും അവൻ്റെ കൈവശമുള്ള മാർഗങ്ങൾ നന്നായി ഉപയോഗിക്കാനുള്ള അവൻ്റെ കഴിവുമാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തുന്നു. പരസ്പരം നന്നായി അറിയാനും മനസ്സിലാക്കാനും കൂടുതൽ തുറന്ന സംഭാഷണങ്ങൾ നടത്തുവാനുമുള്ള പാപ്പായുടെ ആഹ്വാനം ഈ മഹാജൂബിലി വർഷത്തിലും ഒരു പ്രധാനപ്പെട്ട ക്ഷണമായി നിലകൊള്ളുന്നു. വിഭജിക്കപ്പെട്ട, ഛിന്നഭിന്നമായ, ധ്രുവീകരിക്കപ്പെട്ട ലോകത്ത്, കാരുണ്യത്തോടെ ആശയവിനിമയം നടത്തുക എന്നതിനർത്ഥം, ദൈവത്തിന്റെ മക്കളും, പരസ്പരം സഹോദരങ്ങളുമെന്ന നിലയിൽ കൂട്ടായ്മയുടെ ജീവിതം നയിക്കുക എന്നതാണെന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: