തിരയുക

ദേവാലയത്തിൽനിന്ന് പുറത്താക്കപ്പെടുന്ന യേശു ദേവാലയത്തിൽനിന്ന് പുറത്താക്കപ്പെടുന്ന യേശു 

സമസ്തലോകത്തിനും രക്ഷകനും സമഗ്രവിമോചകനുമായ ക്രിസ്തു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ദനഹാക്കാലം ഒന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം. Luke 4, 16-30
ശബ്ദരേഖ - സമസ്തലോകത്തിനും രക്ഷകനും സമഗ്രവിമോചകനുമായ ക്രിസ്തു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും, കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ, രക്ഷയുടെ സുവിശേഷമറിയിക്കാൻ വന്ന വചനമായ ക്രിസ്തുവിന്റെ ജീവിതത്തെ ചുരുക്കം ചില വാക്കുകളിലൂടെ തന്റെ സുവിശേഷം നാലാം അദ്ധ്യായം പതിനാറ് മുതൽ മുപ്പത് വരെയുള്ള തിരുവചനങ്ങളിലൂടെ വിശുദ്ധ ലൂക്കാ അവതരിപ്പിക്കുന്നതാണ് ഇന്ന് നാം സുവിശേഷവായനയിൽ കാണുന്നത്. സ്വദേശത്ത് അവഗണിക്കപ്പെടുന്ന പ്രവാചകരെപ്പോലെ, ദൈവപുത്രനും തന്റെ സ്വന്തം ജനത്താൽ അവഗണിക്കപ്പെടാൻ പോകുന്നു. വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്തും (6, 1-6) വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്തും (13, 53-58) നാം കാണുന്ന, യേശു സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നതിനെക്കുറിച്ചുള്ള വിവരണം വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിൽ, ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗമായി എഴുതിച്ചേർക്കുന്നതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പ്രവാചകദൗത്യം

നസ്രത്തിലെ സിനഗോഗിൽ സാബത്തുദിവസം പതിവുപോലെ എത്തി വായിക്കാൻ എഴുനേറ്റുനിൽക്കുന്ന യേശുവിനെക്കുറിച്ചാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായത്തിന്റെ പതിനാറ് മുതലുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. ഏശയ്യാപ്രവാചകന്റെ വാക്കുകളാണ് പുസ്തകം തുറന്ന് യേശു വായിക്കുന്നത്. ഇന്നത്തെ വിചിന്തനത്തിന്റെ ആരംഭത്തിൽ നാം കണ്ടതുപോലെ, കർത്താവിന്റെ ആത്മാവുള്ള, ദരിദ്രരെ സുവിശേഷം അറിയിക്കാനായി അഭിഷേകം ചെയ്യപ്പെട്ട, ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും, കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അയക്കപ്പെട്ടവൻ (ലൂക്കാ 4, 18-19). പ്രവാചകദൗത്യത്തെക്കുറിച്ചുള്ള ഈ വാക്കുകൾ തന്നിൽ നിറവേറപ്പെട്ടിരിക്കുന്നുവെന്ന്, തന്റെ നിയോഗം എന്താണെന്ന്, യേശു തനിക്ക് ചുറ്റുമുള്ള മനുഷ്യരോട് വെളിപ്പെടുത്തുന്ന ഒരു ഭാഗമാണിത്.

അഭിഷേകം ചെയ്യപ്പെട്ടവൻ

ദൈവത്തിന്റെ അഭിഷിക്തരാണ് പ്രവാചകർ എന്ന ഒരു ചിന്ത പലസ്തീനായിലെ യഹൂദർക്ക് ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. പഴയനിയമത്തിലെ, ഇസ്രായേൽക്കാരുടെ പ്രവാചകരെയും രാജാക്കന്മാരെയുംപോലെ ക്രിസ്തു അഭിഷിക്തനാണ് എന്നതിനെക്കുറിച്ച് സുവിശേഷത്തിൽ നാം വ്യക്തമായി കാണുന്നില്ല.  എന്നാൽ ഏലിയാപ്രവാചകനെയും എലീശാപ്രവാചകനെയുമൊക്കെ പരാമർശിക്കുന്നതിലൂടെ, പഴയനിയമജനതയ്ക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഭാഷയിലാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ യേശു സംസാരിക്കുന്നതെന്ന് നമുക്ക് കാണാം. വിശുദ്ധ ലൂക്കായുടെ സുവിശേഷം മൂന്നാം അദ്ധ്യായം ഇരുപത്തിയൊന്ന് മുതലുള്ള വാക്യങ്ങളിൽ യേശു സ്വീകരിക്കുന്ന ഒരു പ്രത്യേക അഭിഷേകത്തെപ്പറ്റി നാം കാണുന്നുണ്ട്. യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിക്കുന്ന യേശുവിന്റെമേൽ, സ്വർഗ്ഗം തുറക്കപ്പെടുന്നതും, പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നതും "നീ എന്റെ പ്രിയ പുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന സ്വരം ഉണ്ടാകുന്നതും വിശുദ്ധ ലൂക്കാ അവിടെ വ്യക്തമായി എഴുതി വയ്ക്കുന്നുണ്ട്. തൈലം ശിരസ്സിന്മേൽ ഒഴിക്കപ്പെടുന്ന അഭിഷേകത്തിന്റെ മൂല്യത്തേക്കാൾ പരിശുദ്ധാത്മാവിറങ്ങിവരുന്ന അഭിഷേകത്തിന് പ്രാധാന്യമുണ്ടെന്ന്, പ്രവാചകനെന്ന് വിളിക്കപ്പെടുന്നതിനേക്കാൾ, പുത്രനെന്ന് പിതാവായ ദൈവത്താൽ വിളിക്കപ്പെടുന്നതിന് പ്രാധാന്യമുണ്ടെന്ന് യഹൂദജനവും, നാമും തിരിച്ചറിയേണ്ടിയിരിക്കുന്നു. പഴയനിയമവാഗ്ദാനങ്ങളുടെയും പ്രവാചകരുടെയും ഒക്കെ പൂർത്തീകരണമാണ് തന്നിലൂടെ പിതാവ് കൊണ്ടുവരുന്നതെന്ന് യേശു ഇവിടെ വെളിവാക്കുന്നു. യേശു പറയുന്നു "നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" (ലൂക്കാ 4,21).

രക്ഷയുടെ സാർവ്വത്രികത

സമൂഹത്തിനും ലോകത്തിനും മുന്നിൽ ചെറുതായവർക്ക് സദ്വാർത്ത കൊണ്ടുവരുന്ന ഒരു ക്രിസ്തുവിനെ, യഹൂദമതത്തിന്റെ മതിൽക്കെട്ടുകൾക്കപ്പുറത്തേക്ക് രക്ഷയുടെ വാതിലുകൾ തുറന്നിടുന്ന ദൈവപുത്രനെയാണ് സുവിശേഷം അവതരിപ്പിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പാവപ്പെട്ടവരായി കണക്കാക്കപ്പെടുന്നവരോട്, സമൂഹത്തിന്റെ പ്രധാനപ്പെട്ടയിടങ്ങളിൽനിന്ന് മാറ്റിനിറുത്തപ്പെട്ടവരോട്, സഹനത്തിന്റെയും അടിമത്തത്തിന്റെയും, വെറുക്കപ്പെടലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും ഇരകളായവരോട് ക്രിസ്തു കാണിക്കുന്ന പ്രത്യേക പരിഗണനയെന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ ഒരു പ്രത്യേകതകൂടി ഇവിടെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ അതോടൊപ്പം യേശുവിന്റെ പ്രവർത്തനത്തിന്റെ ചില പ്രത്യേകതകൾക്കൂടി പ്രവാചകസ്വരത്തിൽ വിശുദ്ധ ലൂക്കയുടെ സുവിശേഷം വിളിച്ചുപറയുന്നുണ്ട്. സീദോനിൽ സറെപ്തയിലെ വിധവയുടെ അരികിലേക്കയക്കപ്പെട്ട ഏലിയയുടെയും, സിറിയക്കാരനായ നാമാനെ സൗഖ്യപ്പെടുത്തുന്ന എലീശായുടെയും ഒക്കെ വ്യക്തിത്വങ്ങളെ എടുത്തുകാട്ടുന്ന യേശു, യഹൂദമതത്തിനപ്പുറത്തേക്ക്, വിജാതീയരുടെയും, മറ്റു ജനതയുടെയും ഇടയിലേക്ക് കൂടി രക്ഷയുടെ സദ്വാർത്താ നൽകുവാനായാണ്, ലോകത്തിന് മുഴുവൻ രക്ഷകനായാണ് താൻ കടന്നുവന്നതെന്ന് ഇവിടെ വെളിപ്പെടുത്തുന്നു.

സ്വദേശത്ത്, സ്വജനത്താൽ അവഗണിക്കപ്പെടുന്ന ദൈവപുത്രൻ

ഇസ്രായേൽ ജനത്തിന് സ്വീകാര്യമായത്, അവരുടെ ഇഷ്ടമനുസരിച്ച് നിൽക്കുന്ന ഒരു ദൈവത്തെയാണെന്ന് പഴയനിയമം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുകയും തങ്ങൾക്ക് വിജയം നൽകുകയും, തങ്ങൾക്ക് വേണ്ടവയൊക്കെ നിരന്തരം തരികയും ചെയ്യുന്ന ഒരു ദൈവത്തെയാണ് അവർക്ക് വേണ്ടത്. തിരുത്തലിന്റെ സ്വരം അവർക്ക് പ്രിയപ്പെട്ടതല്ല. മാനുഷികമായ രീതിയിൽ മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു ജനതയായിരുന്നു അവർ. അതുകൊണ്ടുതന്നെയാണ്, സകലരിലേക്കും രക്ഷയുടെ സുവിശേഷം അറിയിക്കാനും, സകലർക്കും ദൈവമക്കളാകാനും അവസരമൊരുക്കുന്ന ഒരു ദൈവത്തെ അവർക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്തത്. മുൻപ് നാം കണ്ടതുപോലെ, വിശുദ്ധ ലൂക്കാ യേശുവിനെ സ്വജനം അവഗണിക്കുന്നതിനെക്കുറിച്ചുള്ള ഈ സുവിശേഷഭാഗം തന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്തേക്ക് മാറ്റുമ്പോൾ, അതിന് മുൻപുതന്നെ യേശു തന്റെ പ്രവർത്തനം ആരംഭിച്ചിരുന്നുവെന്നും, ജനതകളുടെയിടയിൽ അവൻ പല അത്ഭുതപ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്നും നമുക്കറിയാം. അങ്ങനെ, അവനെപ്പറ്റി പ്രശംസിച്ചുപറയുകയും, അവന്റെ നാവിലിനിന്ന് പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്‌ത (ലൂക്കാ 4, 22) ജനമാണ് ഇവിടെ അവനെതിരെ കോപാകുലരാകുകയും, പട്ടണത്തിൽനിന്ന് അവനെ പുറത്താക്കുകയും, മലയുടെ ഉയരത്തിൽനിന്ന് താഴേക്ക് തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്യുന്നത് (ലൂക്കാ 4, 28-29).

തിരുവചനം നമ്മുടെ ജീവിതത്തിൽ

യേശു സ്വദേശത്ത്, സ്വജനത്താൽ അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഈ തിരുവചനത്തിന്റെ വിചിന്തനം, നമ്മുടെ ദൈവവിചാരത്തെക്കുറിച്ചുള്ള ഒരു ആത്മപരിശോധനയ്ക്ക് നമ്മെ ക്ഷണിക്കുന്നുണ്ട്. ഏതുതരം ഒരു ദൈവത്തെയാണ് നാം ആഗ്രഹിക്കുന്നത്? ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റുന്ന, സൗഖ്യം നൽകുന്ന, ഉയർച്ചയും വളർച്ചയും നൽകുന്ന ഒരു ദൈവത്തെയാണോ നാം ആഗ്രഹിക്കുന്നത്?  ക്രിസ്തുവെന്ന ദൈവപുത്രനിലൂടെ ദൈവമക്കളായിത്തീരുന്ന നമ്മിൽ ക്രിസ്തുവിന്റെ മനോഭാവം വളർത്തിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? ക്രിസ്തുവിനെപ്പോലെ ദരിദ്രരോടും, പാവപ്പെട്ടവരോടും, സമൂഹത്തിൽ അവഗണിക്കപ്പെട്ടവരോടും സമീപസ്ഥരായിരിക്കാൻ, മറ്റു ജനതകളോട് ജീവിതം കൊണ്ടും വാക്കുകൾകൊണ്ടും രക്ഷയുടെ സുവിശേഷം, സ്നേഹിക്കുന്ന പിതാവായ ദൈവത്തെക്കുറിച്ച്, രക്ഷകനായ ക്രിസ്തുവിനെക്കുറിച്ച് അറിയിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും അപ്പുറം ദൈവത്തെ സ്നേഹിക്കാനുള്ള വിശാലമനസ്കത സ്വന്തമാക്കാൻ, അവന്റെ ഉടമ്പടികളും കൽപനകളും അനുസരിച്ച് ജീവിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമുക്ക് ചുറ്റുമുള്ള മനുഷ്യരിലെ ദൈവസാന്നിദ്ധ്യത്തെ, അവരിലെ നന്മയെ തിരിച്ചറിയാനും അംഗീകരിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും, സമൂഹത്തിലും അറിയിക്കപ്പെടുന്ന സുവിശേഷമൂല്യങ്ങൾ അംഗീകരിക്കാനും, അവിടെ നമ്മുടെ ജീവിതം മാതൃകാപരമാക്കാനും നമുക്ക് സാധിക്കുന്നുണ്ടോ? തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം മൂന്നാം അദ്ധ്യായത്തിന്റെ അവസാഭാഗത്ത് വിശുദ്ധ പൗലോസ് ഉദ്ബോധിപ്പിക്കുന്നതുപോലെ, വിശുദ്ധലിഖിതങ്ങളുടെ അർത്ഥമറിഞ്ഞ്, യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം (2 തിമോത്തി 3, 10-15). ലോകരക്ഷകനായ ക്രിസ്തുവിന്റെ അനുഗ്രഹങ്ങളും, വചനത്തെ ഉള്ളിൽ സ്വീകരിച്ച് നമുക്ക് നൽകിയ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകളും നമ്മുടെ വിശ്വാസജീവിതത്തെ കൂടുതൽ വിശുദ്ധിയും തെളിമയുമുള്ളതാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2025, 14:57