വിശുദ്ധ മദർ തെരേസയുടെ കബറിടം വിശുദ്ധ മദർ തെരേസയുടെ കബറിടം  (AFP or licensors)

വിശുദ്ധിയുടെ ജീവിതം : ദൈവത്തിൻ്റെ ദാനം

മാമ്മോദിസയിലൂടെ, ദൈവം നമുക്ക് നൽികിയ ഒരു സമ്മാനമാണ് വിശുദ്ധി. അത് വളരാൻ അനുവദിക്കുകയാണെങ്കിൽ, അതിന് നമ്മുടെ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ കഴിയും.
ചിന്താമലരുകൾ : ശബ്ദരേഖ

സിസ്റ്റർ റോസ് മരിയ തേങ്ങനാംപ്ലാക്കൽ

വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധിയെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു, "വിശുദ്ധി, കേവലം ദൈവഹിതം ചെയുന്നതിലും, ദൈവം ആഗ്രഹിക്കുന്നതുപോലെ ആയിരിക്കുന്നതിലും അടങ്ങിയിരിക്കുന്നു"  വിശുദ്ധി ദൈവത്തിന്റെ ദാനമാണ്.  ഓരോ വ്യക്തിയുടെയും വിളി വിശുദ്ധിയിലേക്കുള്ളതാണ്. വിശുദ്ധിയുടെ ജീവിതം ചിലർക്കു മാത്രമുള്ളതല്ല, എല്ലാവരും വിശുദ്ധയിൽ ജീവിക്കേണ്ടവരാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ,  വിശുദ്ധിയുടെ ആവശ്യത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു. "ഗുരുവും, എല്ലാ പൂർണ്ണതയുടെയും മാതൃകയുമായ കർത്താവ്, അവൻ്റെ ഓരോ ശിഷ്യന്മാർക്കും, അവരുടെ സാഹചര്യങ്ങൾ പരിഗണിക്കാതെ, ജീവിത വിശുദ്ധി പ്രഖ്യാപിച്ചു."

വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ നാം ഇപ്രകാരം കാണുന്നു, "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ." ഈ ജീവിത വിശുദ്ധിയുടെ സ്രഷ്ടാവും യേശു തന്നെയാണ്. സത്യത്തിൽ, അവൻ എല്ലാ മനുഷ്യരിലേക്കും പരിശുദ്ധാത്മാവിനെ അയച്ചത്, ദൈവത്തെ പൂർണഹൃദയത്തോടും, പൂർണ്ണആത്മാവോടും, പൂർണ്ണമനസ്സോടും, പൂർണശക്തിയോടും കൂടെ സ്‌നേഹിക്കുവാനും, ക്രിസ്തു അവരെ സ്നേഹിക്കുന്നതുപോലെ പരസ്‌പരം സ്‌നേഹിക്കുവാനും, അവരെ ആന്തരികമായി പ്രോത്സാഹിപ്പിക്കുവാനുമാണ്

യേശു വിശുദ്ധിയുടെ ഉറവിടമാണ്. ഇതുതന്നെയാണ് അവിടുന്ന് നമ്മിൽനിന്നും ആഗ്രഹിക്കുന്നതും. യേശുവുമായുള്ള നമ്മുടെ ബന്ധം വിശുദ്ധിയിലേക്ക് നയിക്കുന്നു. വിശുദ്ധിയുടെ ജീവിതം നയിക്കണമെങ്കിൽ നാം, വിശുദ്ധിയുടെ ഉറവിടമായ യേശുവിൽ പ്രത്യാശയർപ്പിക്കുകയും, ദൈവീക കാര്യങ്ങളിൽ ഊന്നൽ  നൽകുകയും ചെയ്യണം. “ക്രിസ്തുവിനോടൊപ്പം നിങ്ങൾ ഉയർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ” (കൊളോസോസ് 3:1). ക്രൈസ്തവരായ നമ്മുടെ വിളി ദൈവത്തിന്റെ ഒരു ദാനമാണ്. നാം, വിളിക്കപ്പെട്ടിരിക്കുന്നു എങ്കിൽ, ക്രിസ്തുവിന്റെ ആഹ്വാനത്തിനനുസരിച്ച്, വിശുദ്ധയുടെ പാത പിന്തുടരുവാനും നമുക്ക് കഴിയണം. ഈ പാത പിന്തുടരുവാൻ നമുക്ക് മാതൃകയായി നിലകൊള്ളുന്നത് ഓരോ വിശുദ്ധനും, വിശുദ്ധയുമാണ്.

ക്രിസ്തുവിൽ വിളിക്കപ്പെട്ടവരായ നമുക്ക്, വിശുദ്ധിയിൽ ജീവിക്കുകയെന്നതു എളുപ്പമല്ല. ഫ്രാൻസിസ് പാപ്പാ തൻ്റെ  അപ്പസ്തോലിക പ്രബോധനത്തിൽ ഇപ്രകാരം പ്രസ്താവിക്കുന്നു, "മാമ്മോദിസയിലൂടെ, ദൈവം നമുക്ക് നൽികിയ ഒരു സമ്മാനമാണ് വിശുദ്ധി. അത് വളരാൻ അനുവദിക്കുകയാണെങ്കിൽ, അതിന് നമ്മുടെ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ കഴിയും."

ഓരോ വ്യക്തിയും തൻ്റെ അനുദിന ജീവിതത്തിൽ സാക്ഷികളാകാൻ  വിളിക്കപെട്ടവരാണ്. നമ്മുടെ പ്രാർത്ഥന, പ്രവൃത്തി, ദാനധർമ്മം, സ്നേഹം എന്നിവയിലൂടെ വിശുദ്ധിയുടെ പടവുകൾ കയറാൻ ഓരോ ദിവസവും പരിശ്രമിക്കണം. ഫ്രാൻസിസ് പാപ്പാ വിവരിക്കുന്നു, "ദൈവജനത്തിൻ്റെ ക്ഷമയിൽ അടങ്ങിയിരിക്കുന്ന വിശുദ്ധയിയെക്കുറിച്ചു ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: കുട്ടികളെ വളരെയധികം സ്നേഹത്തോടെ വളർത്തുന്ന മാതാപിതാക്കളിൽ, കുടുബം പുലർത്താൻ കഠിനാധ്വാനം ചെയുന്ന പുരുഷന്മാരിൽ, സ്ത്രീകളിൽ, രോഗികളിൽ, ഒരിക്കലും പുഞ്ചിരി നഷപ്പെടാത്ത പ്രായമായവരിൽ, വിശ്വാസികളിൽ,  അവരുടെ ദൈനംദിന സ്ഥിരോത്സാഹത്തിൽ ഞാൻ കാണുന്നത് സഭ എന്ന പോരാളിയുടെ വിശുദ്ധിയാണ്. മിക്കപ്പോഴും ഇത് നമ്മുടെ അടുത്ത അയൽവാസികളിൽ കാണപ്പെടുന്ന ഒരു വിശുദ്ധിയാണ്, നമ്മുടെ ഇടയിൽ ജീവിക്കുന്ന, ദൈവത്തിൻെറ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നവരാണവർ. നമുക്കു അവരെ “വിശുദ്ധിയുടെ മധ്യവർഗം" എന്ന് വിളിക്കാം."

ഓരോ വിശുദ്ധനും, വിശുദ്ധയും നമ്മുടെ ദൈനംദിന ജീവിതത്തിൽ മാതൃകയായി നിലകൊള്ളുന്നു. ആരും വിശുദ്ധരായി ജനിച്ചവരല്ല, പക്ഷെ വിശുദ്ധി നേടിയെടുത്തവരാണ്. ഒരു വ്യക്തിയെ വിശുദ്ധനോ, വിശുദ്ധയോ ആക്കുന്നത് ദൈവവുമായുള്ള ബന്ധവും, ദൈവകരുതലിന്റെ സ്നേഹവുമാണ്. വിശുദ്ധ ജീവിതം നയിക്കുവാൻ, നാം ദൈവവുമായി അടുപ്പം പുലർത്തണം. പരിശുദ്ധാത്മാവിന്റെ കൃപയും ഇതോടൊപ്പം ആവശ്യമാണ്. ഓരോ വ്യക്തിയുടെ ജീവിതസാഹചര്യങ്ങൾ, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെല്ലാം വിശുദ്ധി നേടാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താൽ അവൻ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല” (1 യോഹന്നാൻ 4:20).

എൻ്റെ ദൈവമേ, ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല. എനിക്ക് മുന്നിലുള്ള വഴി ഞാൻ കാണുന്നില്ല. അത് എവിടെ അവസാനിക്കുമെന്ന് എനിക്ക് കൃത്യമായി അറിയില്ല.  എനിക്ക് എന്നെത്തന്നെ ശരിക്കും അറിയില്ല, നിൻെറ ഇഷ്ടം ഞാൻ പിന്തുടരുന്നുവെന്ന് ഞാൻ കരുതുന്നു. അതിന്റെ അർത്ഥം ഞാൻ യഥാർത്ഥത്തിൽ അങ്ങനെ ചെയ്യുന്നു എന്നല്ല. എന്നാൽ, എന്നെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം യഥാർത്ഥത്തിൽ നിന്നെ പ്രസാദിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് ആ ആഗ്രഹം ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ ആഗ്രഹത്തിനപ്പുറം ഞാൻ ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു (തോമസ് മെർട്ടൺ).

കുടുംബജീവിതം, സന്യാസജീവിതം ഏകാന്തജീവിതം, ഏതുമായിക്കൊള്ളട്ടെ, ഏത് ജീവിത അന്തസ്സിലേക്ക് വിളിക്കപ്പെട്ടവരായാലും വിശുദ്ധിയിൽ എന്നുള്ളത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ദൈവത്താൽ വിളിക്കപ്പെട്ടവരായ നാം ഓരോരുത്തരും ദൈവത്തിന്റെ വിശുദ്ധി വഹിക്കാനും, അത് ലോകത്തോട് ഏറ്റുപറയുവാനും കടപ്പെട്ടിരിക്കുന്നു.

വിശുദ്ധനാകാൻ ബിഷപ്പോ, വൈദികനോ, വിശ്വാസിയോ, ആകണമെന്നില്ല. സാധാരണ കാര്യങ്ങളിൽ നിന്ന് പിന്മാറി പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവച്ചാൽ  മാത്രമേ വിശുദ്ധിയുള്ളൂ എന്ന് ചിന്തിക്കാൻ നാം പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ, നമ്മുടെ ജീവിതം സ്‌നേഹത്തോടെ ജീവിച്ചുകൊണ്ടും, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സാക്ഷ്യം വഹിച്ചുകൊണ്ടും വിശുദ്ധരായിരിക്കാൻ നമുക്ക് സാധിക്കും. നിങ്ങൾ സമർപ്പിത ജീവിതത്തിലേക്ക് വിളിക്കപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ പ്രതിബദ്ധത സന്തോഷത്തോടെ ജീവിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക എന്നതിലായിരിക്കണം. നിങ്ങൾ വിവാഹിതരാണോ? ക്രിസ്തു സഭയ്ക്കുവേണ്ടി ചെയ്യുന്നതുപോലെ, നിങ്ങളുടെ ഭർത്താവിനെയോ ഭാര്യയെയോ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരായിരിക്കുക. നിങ്ങൾ ഉപജീവനത്തിനായി ജോലി ചെയ്യുന്നുണ്ടോ? നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ സേവനത്തിൽ സമഗ്രതയോടും വൈദഗ്ധ്യത്തോടും കൂടി പ്രവർത്തിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക. നിങ്ങൾ മാതാപിതാക്കളാണോ?, എങ്കിൽ, യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് ക്ഷമയോടെ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക. നിങ്ങൾ ഒരു അധികാര സ്ഥാനത്താണോ? പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിച്ചും വ്യക്തിപരമായ നേട്ടങ്ങൾ ഉപേക്ഷിച്ചും വിശുദ്ധരായിരിക്കുക” (ആനന്ദിച്ചാഹ്ലാദിക്കുവിൻ,14).

ദൈനംദിന ജീവിതത്തിൽ വിശുദ്ധിയുടെ ജീവിതം നയിക്കാൻ, വാഴ്ത്തപ്പെട്ട, കാർലോ അക്യുട്ടിസിന്റെ ജീവിതം നമുക്ക് മാതൃകയാണ്, കാർലോയുടെ, ദിവ്യബലിയോടുള്ള സ്നേഹവും, വിലമതിപ്പും, ആദരവും അസാധാരണമായിരുന്നു. ദിവസേനയുള്ള, വിശുദ്ധ കുർബാന ഒരിക്കലും മുടക്കിയിരുന്നില്ല. വിശുദ്ധ കുർബാനയോടുള്ള ആദരവും സ്നേഹവുമാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. "വിശുദ്ധ കുർബാന  സ്വർഗത്തിലേക്കുള്ള  എന്റെ പാതയാണ്." ജീസസ് യുത്തിലുടെ  ഈശോയെ  സ്നേഹിച്ച്, ചെറുപ്പക്കാരിയായിരുന്ന അജ്ന  ജോർജിന്റെ, ജീവിതവും നമ്മെ പഠിപ്പിക്കുന്നത്. ചെറുപ്പം മുതലേ വിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ വേറിട്ടുനിന്ന ജീവിതം, നിറ പുഞ്ചിരിയോടെ യേശുവിനെ സ്വന്തം ഹൃദയത്തിൽ സ്വീകരിച്ചവൾ, ഇതായിരുന്നു ആ കൊച്ചുപെൺകുട്ടിയുടെ മാതൃക.

എല്ലാം വിശുദ്ധരുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നത്, ദൈനംദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധരായി ജീവിക്കാമെന്നാണ്. ജീവിത സാഹചര്യങ്ങളിൽ നിന്നും ഓടി മാറാതെ, കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് ദൈവിക കാര്യങ്ങളിൽ സമയം കണ്ടുത്തുവാനും, ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പാലിച്ചുകൊണ്ട്, അയൽക്കാരനിൽ ദൈവത്തെ കാണുവാനും വിശുദ്ധർ  നമ്മെ  പഠിപ്പിക്കുന്നു. യേശു   സ്നേഹിച്ചതുപോലെ   മറ്റുള്ളവരെ സ്നേഹിക്കുവാനും, മറ്റുള്ളവരെ   ദൈവമക്കളായി കാണുവാനും  സാധിക്കുമ്പോഴാണ്  നാം വിശുദ്ധി പ്രാപിക്കുകയും അതിൽ  ജീവിക്കുകയും ചെയ്യുന്നത്.  “ഞാൻ ദൈവദൂതന്മാരുടെ ഭാഷകളിൽ സംസാരിച്ചാലും, എനിക്ക് സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ, ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക് പ്രവചനവരം ഉണ്ടായിരിക്കുകയും, സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും ചെയ്താലും, സകല വിജ്ഞാനവും മലകളെ മാറ്റാൻതക്ക വിശ്വാസവും  എനിക്കുണ്ടായാലും,   സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. ഞാൻ സർവ്വ സമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്കൊരു പ്രയോജനവുമില്ല” (1കോറിന്തോസ്  13: 1-3). ജോൺ പൈപ്പർ പറയുന്നു, "മറ്റുള്ളവരുമായി ബന്ധപ്പെട്ട് വിശുദ്ധി സ്വീകരിക്കുന്ന രൂപമാണ് സ്നേഹം."

എല്ലാ വിശുദ്ധരുടെയും ഓർമ്മ ദിനത്തിൽ നാം വായിക്കുന്നതും, ധ്യാനിക്കുന്നതും ചെയ്യുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായമാണ്. “ആത്മാവിൽ ദരിദ്രരർ ഭാഗ്യവാന്മാർ സ്വർഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ആശ്വസിക്കപ്പടും, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ ; അവർക്ക് സംതൃപ്തി ലഭിക്കും, കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്ക് കരുണ ലഭിക്കും, ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും, സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ  ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും, നീതിക്കുവേണ്ടി പീഡനമേൽക്കുന്നവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടേതാണ്” (മത്തായി 5:3-10).

നമ്മുടെ ജീവിതം സ്നേഹത്തോടെ ജീവിച്ചുകൊണ്ടും, നാം ചെയുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും വിശുദ്ധരായിരിക്കാൻ നാമെല്ലാവരും മാമ്മോദിസായിലൂടെ വിളിക്കപ്പെട്ടവരാണ്. ഇതു യേശുവിന്റെ പാത പിന്തുടരാനുള്ള വിളിയാണ്. യേശുവിനാൽ തിരഞ്ഞെടുക്കപ്പെട്ട നാം എല്ലാവരും, അവന്റെ പാത പിന്തുടരുകയും, അവന്റ വിളിക്കനുസരിച്ചു ജീവിക്കുകയും വേണം. പഴയ നിയമത്തിൽ നാം വായിക്കുന്നുണ്ട്.  പെട്ടകം വിശുദ്ധമായിരുന്നു, കാരണം ദൈവം അതിൽ വസിച്ചിരുന്നു. മോശയോട് ദൈവം പറയുന്നതിങ്ങനെയാണ്, നിന്റെ കാലിലെ  ചെരുപ്പുകൾ അഴിച്ചു മാറ്റുക. കാരണം മോശ നിന്നിരുന്ന സ്ഥലം വിശുദ്ധിയുള്ളതായിരുന്നു. പുതിയ നിയമത്തിൽ നാം ഇപ്രകാരം വായിക്കുന്നു, നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. എങ്കിൽ  തീർച്ചയായും  നമ്മുടെ  വിളി, വിശുദ്ധിയുടെ ജീവിതം നയിക്കാനാണ്.

ഫ്രാൻസിസ് പാപ്പ, 2023 നവംബർ ഒന്നാം തിയതി, സകല വിശുദ്ധരുടെയും ഓർമ്മദിനത്തിൽ, യഥാർത്ഥ വിശുദ്ധിയുടെ സവിശേഷതകളെ എടുത്തുപറയുകയും , ആ വിശുദ്ധിയിലേക്കുള്ള യാത്രയിൽ വഴികാട്ടികളായി  വിശുദ്ധരിലേക്ക് തിരിയാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. "വിശുദ്ധന്മാർ നമുക്ക് എത്തിച്ചേരാനാകാത്തവിദൂര നായകന്മാർ അല്ല", മറിച്ച് നമ്മളെപോലുള്ള, സാധാരണ ആളുകൾ, അവരുടെ തുടക്കം നമുക്ക് ലഭിച്ച അതേ സമ്മാനമാണ്: ക്രിസ്തുവിലുള്ള  സ്നാനം.

ദൈവത്തിന്റെ കരുണയും, സ്നേഹവും, കരുതലും വിശുദ്ധി നിറഞ്ഞതുമാണ്. ഈ വിശുദ്ധിയിലേക്കാണ്,  അവിടുന്ന് നമ്മെയും വിളിക്കുന്നത്. ഈ വിശുദ്ധി  നിറഞ്ഞ ജീവിതമാണ്, ആത്മീയമായി നമ്മെ ദൈവയുമായി കൂടുതൽ അടുപ്പിക്കുന്നത്. നമ്മുടെ ഹൃദയങ്ങൾ, മറ്റുള്ളവരിലേക്ക് തിരിയുമ്പോഴാണ് കരുണയുടെ ഹൃദയങ്ങളായി മാറുന്നത്. വ്യക്തിപരമായ വിശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. വിശുദ്ധ കൊച്ചുത്രേസ്യ  നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെ, നമ്മുടെ ദൈനംദിന ജീവിതത്തിൽ, സാധാരണ കാര്യങ്ങൾ ചെയ്തു വിശുദ്ധി നേടുക. വിശുദ്ധ കൊച്ചുത്രേസ്യ തന്റെ, ആത്മകഥയിൽ ഇങ്ങനെ പ്രസ്താവിക്കുന്നു "എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത സഹോദരിമാരുടെ കൂട്ടായ്മ ഞാൻ അന്വേഷിക്കണം. യേശുവിന് സന്തോഷം നൽകാൻ, എല്ലാവരോടും സൗഹൃദം പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു.”

വിശുദ്ധ ജോൺ പോൾ രണ്ടാമൻ എഴുതിയ അപ്പോസ്തോലിക പ്രബോധനമായ, “സത്യത്തിന്റെ പ്രഭയിൽ” ഇങ്ങനെ പരാമർശിക്കുന്നു, ദൈവജനത്തിലെ അനേകം അംഗങ്ങളിൽ തിളങ്ങുന്ന, എളിമയുള്ളതും, പലപ്പോഴും കാണപ്പെടാത്തതുമായ വിശുദ്ധിയുടെ ജീവിതം, സത്യത്തിൻ്റെ സൗന്ദര്യവും ദൈവസ്നേഹത്തിൻ്റെ വിമോചന ശക്തിയും നിരുപാധികമായ മൂല്യവും ഒരേസമയം ഗ്രഹിക്കാനുള്ള ഏറ്റവും ലളിതവും ആകർഷകവുമായ മാർഗമാണ്. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും, കർത്താവിൻ്റെ നിയമത്തിൻ്റെ എല്ലാ ആവശ്യങ്ങളോടും നാം  വിശ്വസ്തത പാലിക്കണം. ഇക്കാരണത്താൽ, ധാർമ്മികതയുടെ അധ്യാപകനെന്ന നിലയിൽ, വിശുദ്ധരെ അന്വേഷിക്കാനും കണ്ടെത്താനും സഭ എല്ലായ്‌പ്പോഴും വിശ്വാസികളെ ക്ഷണിക്കുന്നു. എല്ലാറ്റിനുമുപരിയായി "കൃപ നിറഞ്ഞതും" "സർവ്വ പരിശുദ്ധിയുമായ" കന്യകാമാതാവിൻ്റെ മാതൃക., ദൈവത്തിൻ്റെ കൽപ്പനകൾക്കും സുവിശേഷത്തിൻ്റെ മഹത്വങ്ങൾക്കും അനുസൃതമായി ജീവിതം നയിക്കാൻ ആവശ്യമായ ശക്തിയും സന്തോഷവും നൽകുന്നു (107).

യേശുവിനാൽ വിളിക്കപ്പെട്ടവരായ നാം, അവിടത്തെ പാത പിന്തുടർന്ന്  വിശുദ്ധിയുടെ ജീവിതം നയിക്കാൻ, യേശു നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2025, 11:56