ആർച്ചുബിഷപ്പ് ലൂക്കാസ് സിർക്കാർ ആത്മീയതയുടെ അജപാലകൻ
- ഫാദർ വില്യം നെല്ലിക്കൽ
ഏപ്രിൽ 18-ന് അന്തരിച്ച കൽക്കട്ടയുടെ മുൻമെത്രാപ്പോലീത്തയുടെ മെയ് 12-ന് നടത്തിയ അനുസ്മരണ ചടങ്ങിലാണ്, കൃഷ്ണഗർ രൂപതയുടെ മുൻമെത്രാൻകൂടിയായിരുന്ന ആർച്ചുബിഷപ്പ് സിർക്കാറിനെക്കുറിച്ച് സലീഷ്യൻ പ്രവിഷ്യൽ സെക്രട്ടറി, ഫാദർ ജേക്കബ് ഐ. സി. ഇങ്ങനെ അഭിപ്രായപ്പെട്ടത്.
1. സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപകൻ
ആർച്ചുബിഷപ്പ് ലൂക്കാസ് രണ്ടു തദ്ദേശീയ സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപകനായിരുന്നെന്ന് ഫാദർ ഐ. സി. ജേക്കബ് വത്തിക്കാൻ വാർത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യത്തേത് മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ സഹോദരിമാരുടെ ദിവ്യകാരുണ്യ ആരാധന സഭയാണ് (Religious Institute of Adoration Sisters of the Immaculate Heart of Mary). രണ്ടാമത്തേത് ആത്മീയതയുടെ സഹോദരന്മാർ... (Religious Institute of Saadhan Brothers) എന്ന പേരിൽ അൽമായർക്കുള്ള പ്രേഷിത-ആത്മീയ പ്രസ്ഥാനവും. ആർച്ചുബിഷപ്പ് സിർക്കാർ തന്‍റെ അജപാലന തീക്ഷ്ണതയിൽ തുടങ്ങിയ രണ്ട് സന്ന്യാസ സമൂഹങ്ങൾ. ദിവ്യകാരുണ്യ ആരാധനയിലും ധ്യാനാത്മക ജീവിതത്തിലും മുഴുകിക്കൊണ്ട് സജീവ പ്രേഷിതപ്രവർത്തനങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്ന ശൈലി സലീഷ്യൻ ആർച്ചുബിഷപ്പ് സിർക്കാറിന്‍റെ ആത്മീയതയ്ക്കു തെളിവാണെന്ന് ഫാദർ ജേക്കബ് അഭിപ്രായപ്പെട്ടു.
2. നല്ല സലീഷ്യൻ അജപാലകൻ
2012-ൽ കൽക്കട്ട അതിരൂപതയിൽനിന്നും വിരമിച്ച് ആരാധനാ മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ആർച്ചുബിഷപ്പ് ലൂക്കാസ് സിർക്കാർ 2021 ഏപ്രിൽ 18-ന് ഹൃദയാഘാതംമൂലമാണ് അന്തരിച്ചത്. അന്തിമോപചാര ശുശ്രൂഷകൾ 20-ന് കൽക്കട്ട നഗരമദ്ധ്യത്തിൽ ദിവ്യരക്ഷകന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തിൽ നടന്നു. നലംതികഞ്ഞ സലീഷ്യൻ സഭാംഗമായി അജപാലനശുശ്രൂഷ തുടർന്ന ആർച്ചുബിഷപ്പ് സിർക്കാർ മെത്രാസന മന്ദിരത്തിൽ ഒരു സലീഷ്യൻ സമൂഹം വേണമെന്ന് തന്‍റെ പ്രവിഷ്യലിനോട് ആവശ്യപ്പെടുമായിരുന്ന വിശാലഹൃദയനും സന്ന്യാസത്തെ പൂർണ്ണമായി ആശ്ലേഷിച്ച നല്ല സമർപ്പിതനുമായിരുന്നെന്ന് ഫാദർ ജേക്കബ് ഇരുപ്പക്കാട്ട് അഭിപ്രായപ്പെട്ടു.
3. ഹ്രസ്വ ജീവിതരേഖ
1936-ൽ ബാംഗ്ലാദേശിലെ ബാരിസോളിൽ ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടയിലെ സലീഷ്യൻ
സെമിനാരിയിൽ ചേർന്നു പഠിച്ചു.
1968 സലീഷ്യൻ സഭാവൈദികനായി പൗരോഹിത്യം സ്വീകരിച്ചു.
1984-ൽ പശ്ചിമ ബംഗാളിലെ കൃഷ്ണഗർ രൂപതയുടെ മെത്രാനായി സ്ഥാനമേറ്റു.
2000-ാമാണ്ടിൽ കൽക്കട്ട അതിരൂപതയുടെ പിൻതുടർച്ചാവകാശമുള്ള കോജുത്തോർ സഹായ മെത്രാനായി നിയമിതനായി.
2002-ൽ കൽക്കട്ടയുടെ മെത്രാപ്പോലീത്തയായി സ്ഥാനാരോപിതനായി.
2012-ൽ വിശ്രമ ജീവിതത്തിനായി കൽക്കട്ടയിലെ സലീഷ്യൻ സമൂഹത്തിലേയ്ക്കു മടങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: