തിരയുക

പാപ്പാ ഫ്രാൻസിസും  വികാരി ജനറാൾ കർദ്ദിനാൾ ദൊനാത്തിസും പാപ്പാ ഫ്രാൻസിസും വികാരി ജനറാൾ കർദ്ദിനാൾ ദൊനാത്തിസും 

ലാറ്ററൻ കൊട്ടാരം പുനരുത്ഥരിക്കാൻ പാപ്പായുടെ നിർദ്ദേശം

പുനരുത്ഥാരണപ്പണികൾക്ക് പാപ്പാ ഫ്രാൻസിസ് നല്കുന്ന നിർദ്ദേശങ്ങളും പ്രോത്സാഹനവും...

- ഫാദർ വില്യം  നെല്ലിക്കൽ 

1. ബസിലിക്കയോടു ചേർന്നുള്ള
പുരാതന കൊട്ടാരം

റോമിലെ ലാറ്ററൻ ബസിലിക്കയോടു ചേർന്നു കിടക്കുന്ന പുരാതന മന്ദിരവും അതിലെ വാസ്തു കലാശേഖരങ്ങളും ഉൾക്കൊള്ളുന്ന ഭാഗം പുനരുത്ഥരിക്കുവാൻ പാപ്പാ ഫ്രാൻസിസ് ഇപ്പോൾ ലാറ്ററൻ ബസിലിക്കയുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന റോമാ രൂപതയുടെ വികാരി ജനറാൾ, കർദ്ദിനാൾ ആഞ്ചലോ ദി ദൊനാത്തീസിനോട് ഫെബ്രുവരി 20-ന് നല്കിയ പ്രത്യേക കത്തിലൂടെ ആവശ്യപ്പെട്ടു.

2. സാംസ്കാരിക പൈതൃകങ്ങൾ
വരും തലമുറയുടെയും അവകാശം

ദൈവത്തെ മഹത്വപ്പെടുത്തുവാനും വിശ്വാസാനുഭവങ്ങൾക്ക് സാക്ഷ്യമാകുവാനും നൂറ്റാണ്ടുകളായി അതിപ്രഗത്ഭരായ കലാകാരന്മാരുടെ കരവിരുതായ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ദേവാലയങ്ങളും സ്ഥാപനങ്ങളും അതീവ ശ്രദ്ധയോടെയാണ് സംരക്ഷിച്ചു പോരുന്നത്. ഇത് കലയോടുള്ള താല്പര്യംകൊണ്ടും മാത്രല്ല, മറിച്ച് അവയെ നശിപ്പിച്ചേക്കാവുന്ന വെല്ലുവിളികളെയും അപകടങ്ങളെയും ചെറുക്കുവാനും സാംസ്കാരിക പൈതൃകങ്ങൾ വരും തലമുറയ്ക്കായി സംരക്ഷിക്കപ്പെടുവാനും വേണ്ടിയാണെന്ന് പാപ്പായുടെ കത്ത് വിശദമാക്കുന്നുണ്ട്. വിശ്വാസ പാരമ്പര്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും ആധാരമാകുന്ന കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണം എന്ന  ആമുഖത്തോടെയാണ് കർദ്ദിനാൾ ദൊനാത്തീസിന് പാപ്പാ കത്തയച്ചത്.

3. സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത
കലാമൂല്യങ്ങളുള്ള ദേവാലയങ്ങളും സ്ഥലങ്ങളും സംരക്ഷിക്കുന്ന രീതി മാനവിക സംസ്കാരത്തിന്‍റെ സമഗ്രതയുടേയും മനുഷ്യന്‍റെ ആത്മീയതയുടേയുംകൂടി പ്രതിഫലനമാണെന്ന് പാപ്പാ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അവ സംരക്ഷിക്കപ്പെട്ടെങ്കിൽ മാത്രമേ വരുംതലമുറയ്ക്കും സന്ദർശകർക്കും കലാസ്വാദകർക്കും കലയുടെ പണ്ഡിതന്മാർക്കുമായി അവ സമഗ്രതയോടെ കൈമാറാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ കത്തിൽ വ്യക്തമാക്കി.

ആഗോളസഭയുടെ അദ്ധ്യക്ഷൻ എന്നതിനു പുറമേ, റോമാരൂപതയുടെ മെത്രാൻ എന്ന നിലയിലും തന്‍റെ സംരക്ഷണയിലുള്ള ഈ സ്ഥാപനത്തിന്‍റെ സാംസ്കാരിക കലാ പൈതൃകവും മൂല്യങ്ങളും സംരക്ഷിക്കുവാനും ഉപയോഗപ്രദമായി നിലനിർത്തുവാനും ആവശ്യമായ എല്ലാ പുനരുത്ഥാരണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കണമെന്നു കർദ്ദിനാൾ ദൊനാത്തീസിനോടു നിർദ്ദേശിച്ചുകൊണ്ടാണ് പാപ്പാ കത്ത് ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2021, 08:13